തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും ഗ്രാമിന് 110 രൂപ കൂടി 11,295 രൂപയും വർധിച്ചു. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ ദിവസങ്ങളിൽ പവന് 89,480 രൂപയും ഗ്രാമിന് 11,185 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ ബാധിക്കുന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വ്യാപാരസംഘർഷങ്ങൾ, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റ് സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന മാറ്റങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.










