തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുഖത്തും മൂക്കിലും തലയിലുമായി നാലുഭാഗത്ത് പരിക്കുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. വലതുചെവിയുടെ പിന്‍ഭാഗത്തായി തലയോട്ടിയിലാണ് ചതവ്. മുഖത്തിന്റെ രണ്ടുഭാഗത്തും മൂക്കിലുമാണ് മറ്റ് ചതവുകള്‍. ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ ശരീരത്തിലെ ഈ മുറിവുകൾ മരണകാരണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. രാസപരിശോധാഫലം വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍മാരായ ഡോ. ആര്‍ ശാലിനിയും ടി.എം. മനോജുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജനുവരി 16-ന് രാവിലെ 9.35-ഓടെ ആരംഭിച്ച നടപടികള്‍ 1.10-ഓടെ അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



