കോഴിക്കോട് : സ്വന്തം പുരയിടത്തിലെ ഭൂഗർഭജലം (നിലത്തെ വെള്ളം) ഇനി സർക്കാരിന്റെ ഉടമസ്ഥതയിലാകും. ജലത്തിന്റെ അശാസ്ത്രീയമായ ഉപയോഗം തടയുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ തയ്യാറാക്കിയ കരട് സംസ്ഥാന ജലനയം 2025 സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക ബാധ്യതയും നിയന്ത്രണങ്ങളും വരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ കിണർ കുഴിക്കുന്നതിന് വലിയ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന സാഹചര്യമാണ് ഇനി മാറുക. കിണർ കുഴിക്കുന്നതിന് ഇനിമുതൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഈ പുതിയ നിയമം നടപ്പിലാകുന്നതോടെ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിന്മേൽ ഉണ്ടായിരുന്ന നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടും. ജലം പാഴാക്കുന്നത് തടയുന്നതിനുള്ള കർശന നടപടിയുടെ ഭാഗമായി, എല്ലാ വീടുകളിലും രണ്ട് ജലസംഭരണ ടാങ്കുകൾ നിർബന്ധമാക്കാനും കരട് നയം ശുപാർശ ചെയ്യുന്നു. ഈ അധിക ബാധ്യത,ഗാർഹിക ഉപയോക്താക്കളുടെ നിർമ്മാണച്ചെലവ് ഗണ്യമായി വർദ്ധിപ്പിക്കും.
കൂടാതെ, ശുദ്ധജലം, ഉപയോഗിച്ച ജലം, മഴവെള്ളം എന്നിവയുടെ ഉപയോഗത്തിന് പ്രത്യേക വില നിശ്ചയിക്കാൻ ശുപാർശയുണ്ട്. ഇത് കുടിവെള്ളത്തിന്റെ നിലവിലെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. വ്യവസായങ്ങൾക്കുള്ള ജലലഭ്യത നിയന്ത്രിക്കാനും, അവർ പുനരുപയോഗിച്ച ജലം നിർബന്ധമായും ഉപയോഗിക്കാനും നയം വ്യവസ്ഥ ചെയ്യുന്നു.
“കേരളത്തിൽ ജലം സമൃദ്ധമാണ്” എന്ന തെറ്റായ ധാരണ തിരുത്തി, അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടഞ്ഞ് ജലസംരക്ഷണത്തിന് പ്രാധാന്യം നൽകാനാണ് പുതിയ നയം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ ശുപാർശകൾ നടപ്പിലായാൽ ഗാർഹിക ഉപയോക്താക്കളുടെയും ചെറുകിട വ്യവസായങ്ങളുടെയും ചെലവ് കുത്തനെ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.






