തിരുവനന്തപുരം: യുവതി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. കീഹോൾ ശസ്ത്രക്രിയ രണ്ട് തവണ നടത്തിയെങ്കിലും വിജയിച്ചില്ല. കീഹോൾ വഴി വയർ നീക്കം ചെയ്താൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ മേജർ ശസ്ത്രക്രിയ മാത്രമേ പരിഹാരമാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മേജർ ശസ്ത്രക്രിയ നടത്തുന്നതിനുള്ള തീരുമാനം പിന്നീട് എടുക്കും.
കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. നാളെ ആശുപത്രി വിടും. വയർ നീക്കം ചെയ്യാതിരിക്കുക തന്നെ സുരക്ഷിതമാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നുവെങ്കിലും, ശ്വാസമുട്ടൽ അടക്കം കടുത്ത അസ്വസ്ഥത അനുഭവപ്പെടുന്നതായി സുമയ്യ അറിയിച്ചു. ധമനികളോട് ചേർന്ന് വയർ കുടുങ്ങിക്കിടക്കുന്നതിനാൽ നീക്കം ചെയ്യുന്നത് ഏറെ സങ്കീർണമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
2023 മാർച്ച് 22-ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നിന്ന് ഗുരുതര പിഴവ് സംഭവിച്ച് വയർ നെഞ്ചിൽ കുടുങ്ങിയത്. ആരോഗ്യ മന്ത്രി തന്നെ പിഴവ് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.






