ഇടുക്കി: ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവാവ്. ചികിത്സയ്ക്കിടെ ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ചെന്നാണ് പരാതി. മൂന്ന് മാസത്തിന് ശേഷമാണ് വയർ മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്.
ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രംഗത്തെത്തിയത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ വെരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സയ്ക്കെത്തിയതായിരുന്നു ഷൈജു.
ചികിത്സയ്ക്ക് ശേഷം 45 സെന്റീമീറ്റർ നീളമുള്ള ഗൈഡ് വയർ പുറത്തെടുത്തില്ലെന്നാണ് പരാതി. കാലിൽ പ്രവേശിപ്പിച്ച ഉപകരണം വാരിയെല്ലിന് സമീപം വരെ എത്തിയിരുന്നതായും ഷൈജു പറയുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിയാണ് ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ പുറത്തെടുത്തത്. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് പിഴവ് സംഭവിച്ചതായി ആശുപത്രി മാനേജ്മെന്റ് സമ്മതിച്ചതായും ഷൈജു പറഞ്ഞു.
സംഭവത്തിൽ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഷൈജുവിന്റെ തീരുമാനം.


