പാലക്കാട് : ജ്വല്ലറിയിൽ കത്തിയും തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ചംഗ സംഘം കവർച്ച നടത്തി. മുഴുക്കൈ, അരക്കൈ ടീ-ഷർട്ടുകൾ ധരിച്ചെത്തിയ രണ്ടുപേർ കത്തിവീശിയപ്പോൾ, ഓവർകോട്ടും വട്ടത്തൊപ്പിയും ധരിച്ച മറ്റൊരാൾ തോക്കുചൂണ്ടി വെടിയുതിർത്തു.
ഇതിനിടെ സംഘത്തിലെ മറ്റ് രണ്ടുപേർ ചില്ലുകൂട്ടിലും അലമാരയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണ ട്രേകൾ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. പിടിവലിക്കിടെ ഒരു ട്രേ താഴെവീഴുകയും മോഷ്ടാക്കളിലൊരാളുടെ കൈമുറിഞ്ഞ് കടയ്ക്കുള്ളിൽ രക്തം വീഴുകയും ചെയ്തു.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി ഹനീഫയുടെ മകൻ കുഞ്ഞുമുഹമ്മദ്, മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിച്ച കാറിനുനേരെ ഇഷ്ടിക എറിഞ്ഞതിനെത്തുടർന്ന് വാഹനത്തിന്റെ പിൻഗ്ലാസ് തകർന്നു. വ്യാജ നമ്പർ പ്ലേറ്റുള്ള കാറിലാണ് സംഘം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.


