തൃശ്ശൂർ : ഗുരുവായൂര്‍– തിരുനാവായ റെയില്‍വേ പദ്ധതിക്ക് ഏര്‍പ്പെടുത്തിയിരുന്ന മരവിപ്പ് റെയില്‍വേ റദ്ദാക്കി. 2019-ല്‍ പദ്ധതി മരവിപ്പിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പദ്ധതിയുടെ പുനരാരംഭം ആവശ്യപ്പെട്ട് ജനങ്ങളില്‍നിന്ന് ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ഇഴച്ചിലുകള്‍ ചൂണ്ടിക്കാട്ടിയാണ് 2019-ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചത്. ഇതിന്റെ ഫലമായി കേന്ദ്ര ബജറ്റുകളില്‍ അനുവദിച്ചിരുന്ന തുക വിനിയോഗിക്കാനായിരുന്നില്ല. പദ്ധതി വീണ്ടും സജീവമാകുന്നതോടെ സര്‍വേ നടപടികള്‍ പുനരാരംഭിക്കേണ്ടിവരും.
1995 ഡിസംബര്‍ 17-ന് അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് കല്‍മാഡിയാണ് വടക്കോട്ടുള്ള പാതയ്ക്ക് തറക്കല്ലിട്ടത്. ആദ്യം ഗുരുവായൂര്‍–കുറ്റിപ്പുറം പാതയെന്നായിരുന്നു പദ്ധതി. പിന്നീട് തിരൂര്‍, താനൂര്‍ വഴിയായി ഒടുവില്‍ തിരുനാവായയിലേക്കാണ് പാത നിശ്ചയിച്ചത്. പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 35 കിലോമീറ്ററാണ്. ഇതില്‍ പകുതിയിലേറെയും സര്‍വേ നടത്താനുണ്ട്. തൃശൂര്‍ ജില്ലയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.




