ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയുടെ പ്രതിഷേധം. ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾക്ക് മുകളിൽ കയറി വിദ്യാർഥികൾ പ്രതിഷേധിച്ചു.
ജനാധിപത്യത്തിന് ഏറ്റ ഏറ്റവും വലിയ മുറിവാണ് ഗ്യാനേഷ് കുമാറെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷണറെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും അവർ ചോദിച്ചു.
എൻ.എസ്.യു.ഐ പ്രസിഡന്റ് വിനോദ് ജാഖർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നെങ്കിലും ഞായറാഴ്ച പ്രതിഷേധക്കാർ വിട്ടുനിന്നിരുന്നു. എന്നാൽ പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കാനാകില്ലെന്ന നിലപാടുമായി എൻ.എസ്.യു.ഐ രംഗത്തെത്തുകയായിരുന്നു.
അതിനിടെ, ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പരിപാടികളിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകിയതിൽ എൻ.എസ്.യു.ഐ ഭാരവാഹികൾക്കിടയിൽ കടുത്ത അതൃപ്തി രൂപപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ‘വീ ദ ഛോട്ടു’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതിനെത്തുടർന്ന് പ്രവർത്തകരെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പരാതികൾ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എൻ.എസ്.യു.ഐ പ്രവർത്തകർ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയപടിയാക്കിയത്.




