തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും പ്രോജക്ട് മാനേജരായിരുന്ന ലീ സി ബിനോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള ആരോപണത്തിലാണ് അന്വേഷണം. ആരോപണം ഉന്നയിച്ച കരാറുകാരൻ സാജനിൽനിന്ന് ചൊവ്വാഴ്ച വിജിലൻസ് സംഘം മൊഴിയെടുക്കും. വിജിലൻസിന്റെ തിരുവനന്തപുരം പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്താണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനെ തുടർന്ന് പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം.
ലീ സി ബിനോട് ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി പതി-ബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലീ തന്നോട് പറഞ്ഞതാണെന്നും ലീയുടെ മരണത്തിന് ഉത്തരവാദി ഗ്യാനേഷ് കുമാറാണെന്നും സാജൻ ആരോപിച്ചിരുന്നു.
നേരത്തെ നടത്തിയ വിജിലൻസ് അന്വേഷണം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു. സാജന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിന് നിയമോപദേശവും ലഭിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.


