റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരും ചേർന്ന് സ്വീകരിച്ചു. മുതിർന്ന സൗദി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സ്വാഗത ഗാനങ്ങളും സംസം വെള്ളവും ഈത്തപ്പഴവും നൽകി ഹജ്ജ് ടെർമിനലിൽ തീർത്ഥാടകരെ വരവേറ്റു. ആദ്യദിനം പത്ത് വിമാനങ്ങളിലായി 3,860 തീർത്ഥാടകരാണ് മദീനയിലെത്തുന്നത്. മുംബൈയിൽ നിന്നുള്ള 402 പേരാണ് ആദ്യസംഘത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് കൊൽക്കത്ത, ഗുവാഹത്തി, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും എത്തി. വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ വൈകുന്നേരത്തോടെ എത്തും.
മദീന വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഇന്ത്യൻ അംബാസഡർ നേരിട്ട് വിലയിരുത്തി. തീർത്ഥാടകർക്ക് സഹായം നൽകുന്ന ഇന്ത്യൻ കമ്യൂണിറ്റി വളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ സേവനം അഭിനന്ദിക്കുകയും ചെയ്തു. ഹജ്ജ് തീർത്ഥാടനം സുരക്ഷിതവും ആത്മീയമായും സമൃദ്ധമാകട്ടെയെന്ന് ഇന്ത്യൻ എംബസി ആശംസിച്ചു.
ജിദ്ദ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ മദീനയിൽ വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകർ എട്ട് ദിവസം മദീനയിൽ പ്രാർത്ഥനകൾ നടത്തി തുടർന്ന് മക്കയിലേക്ക് പോകും. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളം വഴി മടങ്ങും.
കേരളത്തിൽ നിന്നുള്ള ആദ്യസംഘം കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഏപ്രിൽ 30-ന് സർവീസ് ആരംഭിക്കും. ഇതിനിടെ സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തുന്ന മലയാളി തീർത്ഥാടകരുടെ ആദ്യസംഘവും ജിദ്ദയിലെത്തും. ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരും സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ എത്തിത്തുടങ്ങിയിട്ടുണ്ട്.




