ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട ഈ കേസിൽ വാദ്ര ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകുമെന്നാണ് സൂചന.
നേരത്തെ ജൂണ്‍ പത്തിന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നല്‍കാന്‍ റോബര്‍ട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നുമാണ് ഇ ഡിയുടെ ആരോപണം.
ഒളിവില്‍ കഴിയുന്ന ആയുധ വ്യാപാരിയാണ് സഞ്ജയ് ഭണ്ഡാരി. ഇയാൾ കളളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് സിബിഐ, ആദായനികുതി വകുപ്പ്, ഡല്‍ഹി പൊലീസ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നയാളാണ്. 2016-ല്‍ ഇന്ത്യ വിട്ട ഭണ്ഡാരി ഇപ്പോള്‍ ലണ്ടനിലാണ് ഉളളത്.










