തിരുവനന്തപുരം: ട്രാന്‍സ്പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കാൻ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. കേരളത്തിൽ ട്രാന്‍സ്പ്ലാന്റ് മരുന്നുകൾ കുറവിലായി ലഭ്യമാക്കാനുള്ള കേരള സർക്കാരിന്റെ പുതിയ പദ്ധതി പുറത്തിറങ്ങി. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ‘കാരുണ്യസ്പർശം’ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ വഴി നൽകും.
തിരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിൽ പ്രവർത്തിക്കുന്ന ഈ കൗണ്ടറുകൾ മുഖേന മരുന്നുകൾ വിതരണം ചെയ്യപ്പെടും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിച്ചു.
മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി പത്തനംതിട്ട, മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറൽ ആശുപത്രി എറണാകുളം, മെഡിക്കൽ കോളേജ് ആശുപത്രി തൃശ്ശൂർ, ജില്ല ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കൽ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കൽ കോളേജ് പരിയാരം, ജനറൽ ആശുപത്രി കാസർഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെ ലഭ്യമാകും എന്ന് മന്ത്രി അറിയിച്ചു.






