തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയുടെ സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും, വെള്ളിയാഴ്ച ഏഴ് ജില്ലകളിലും, ശനിയാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 2 വരെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 2 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കൂടാതെ, ജൂലൈ 3 വരെ കർണാടക തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.













