തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുന്ന 5 ദിവസം മഴ ശക്തമായി തന്നെ തുടരും. തെക്കൻ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് തുടരും. മഴ മുന്നറിയിപ്പുള്ളതിനാൽ തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ, ബംഗ്ലദേശ് തീരത്തിനും മുകളിലായി നാളെ ചക്രവാതച്ചുഴി രൂപപ്പെടാനും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.




