തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകും. ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാദ്ധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.




