ബിജെപിയെ സംബന്ധിച്ച് കേരളവും തമിഴ്നാടുമെല്ലാം എക്കാലവും കിട്ടാക്കനിയായിരുന്നു. ഇവിടങ്ങളിൽ ഉടനെയൊന്നും ഭരണത്തിലെത്താം എന്ന അത്യാഗ്രഹവും മോദിക്കും അമിത് ഷായ്ക്കും കാണില്ല. പക്ഷേ പതുക്കെയാണെങ്കിലും താമര വിരിയിക്കും എന്ന് തന്നെ ഉറപ്പിച്ച് ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിന്റെ ഫലം കാണുന്നുണ്ട് എന്ന് തന്നെ പറയേണ്ടി വരും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. പാർട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനം. ഇത്തവണ ജയിച്ച നേമം, കഴക്കൂട്ടം, ചാത്തന്നൂർ സീറ്റുകളിൽ കഴിഞ്ഞ തവണ രണ്ടാമതെത്തി ബിജെപി മറ്റ് രണ്ട് മുന്നണികൾക്ക് മുന്നറിയിപ്പ് നൽകിയതായിരുന്നു. മൂന്ന് സീറ്റുകൾ പിടിച്ചതിനൊപ്പം ആറ് സീറ്റുകളിൽ ഇത്തവണ രണ്ടാമതെത്താനും നിരവധി മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിപ്പിക്കാനും ബിജെപിക്കായിട്ടുണ്ട് എന്ന് കൂടി പരിഗണിക്കണം.
കാലങ്ങളായി കേരള രാഷ്ട്രീയത്തെ നയിക്കുന്ന എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കപ്പുറത്തേക്കൊരു പാർട്ടിക്കുള്ള വളർച്ച ഏത് മുന്നണിയെ ആകും ക്ഷീണിപ്പിക്കുക എന്നതാകും ഭാവി കേരളത്തിലെ നിർണായക വഴിത്തിരിവ്. പ്രാഥമിക കണക്കനുസരിച്ച് എൻഡിഎയുടെ വോട്ടു ശതമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു ശതമാനത്തിൽ എൻഡിഎയ്ക്ക് രണ്ടു ശതമാനത്തോളമാണ് വർധനയുണ്ടായത്. 12.41 ശതമാനത്തിൽ നിന്ന് 14.2 ശതമാനമായാണ് വോട്ടുവിഹിതം വർധിച്ചത്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കിട്ടിയ 19.26 ശതമാനത്തെ അപേക്ഷിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ 5.13 ശതമാനത്തിന്റെ കുറവ് ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ 14.71 ശതമാനമായിരുന്നു എൻഡിഎയുടെ വോട്ടു വിഹിതം.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 23 മുതൽ 40.75 ശതമാനം വരെയാണ് ബിജെപിയുടെ വോട്ടു ശതമാനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിജയിച്ച നേമത്താണ് ഏറ്റവും കൂടുതൽ വോട്ട് ശതമാനം. 40.75 ശതമാനമാണ് ഇവിടെ വോട്ടു വിഹിതം. ബിജെപിക്ക് ലോട്ടറിയടിച്ച ചാത്തന്നൂരിൽ 38.04 ശതമാനമാണ് വോട്ടു ശതമാനം. ബി ബി ഗോപകുമാർ 4012 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ലോട്ടറിയെന്ന് പറയുമെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അടിസ്ഥാന തലത്തിൽ വളർച്ച നടന്നിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് ചാത്തന്നൂർ. കഴിഞ്ഞ തവണ ഇവിടെ രണ്ടാമതെത്തിയിരുന്നു എന്നതും പരിഗണിച്ചാൽ ഇടതും വലതും ഇവിടെ ബിജെപിയെ അൺർ എസ്റ്റിമേറ്റ് ചെയ്തു എന്ന് മനസിലാക്കാം.
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരമാണ് തൊട്ടുപിന്നിൽ. 36.05 ശതമാനമാണ് ഇവിടത്തെ ബിജെപിയുടെ വോട്ടു വിഹിതം. ഇവിടെ യുഡിഎഫിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് എൻഡിഎ. മഞ്ചേശ്വരത്തിന് പുറമേ കാസർകോട്, പാലക്കാട്, തിരുവല്ല, ആറ്റിങ്ങൽ, മലമ്പുഴ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമത് എത്തിയത്.
എൻഡിഎ താമര വിരിയിച്ച മൂന്നാമത്തെ മണ്ഡലമായ കഴക്കൂട്ടത്ത് 35.06 ശതമാനമാണ് ബിജെപിയുടെ വോട്ടു ശതമാനം. മുൻ കേന്ദ്രമന്ത്രി വി മുരളീധരന് ഇവിടെ നേരത്തേ തന്നെ വിജയസാധ്യതകൾ പ്രവചിച്ചിരുന്നതാണ്. എങ്കിലും അവസാന മണിക്കൂറുകൾ വരെ നീണ്ട കനത്ത പോരാട്ടം തന്നെ കടകംപള്ളി സുരേന്ദ്രനുമായി നടന്നു. എ ക്ലാസ് മണ്ഡലമായ, വലിയ വിജയപ്രതീക്ഷ വച്ച് പുലർത്തിയിരുന്ന ശോഭാ സുരേന്ദ്രൻ മത്സരിച്ച പാലക്കാടും 30 ശതമാനത്തിന് മുകളിലാണ് വോട്ടുശതമാനം. 33.33 ശതമാനമാണ് ഇവിടത്തെ ബിജെപിയുടെ വോട്ടു വിഹിതം. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ശോഭ മുന്നിലുമായിരുന്നു.
ഇനിയാണ് വോട്ട് മറിക്കലും ഡീൽ ആരോപണങ്ങളും വീണ്ടും ചർച്ചയാകുന്നത്. ബിജെപിക്ക് കൂടുതലായി കിട്ടിയ വോട്ടുകൾ ആരുടെ ഭാഗത്ത് നിന്ന് ചോർന്നതാണെന്നതാണ് ചോദ്യം. ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് രണ്ടാമതെത്തിയെന്നും ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓർക്കണമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. എന്നാൽ ഈ മൂന്ന് മണ്ഡലങ്ങളും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇവിടങ്ങളിൽ എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മൂന്നാം സ്ഥാനത്താണെങ്കിലും നേമത്ത് മാത്രമാണ് യുഡിഎഫിന് വോട്ട് കുറഞ്ഞത്. മറ്റ് രണ്ടിടങ്ങളിലും യുഡിഎഫിന് വോട്ട് വർധിക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നതും ചേർത്ത് വായിക്കാം.
കഴക്കൂട്ടത്താണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ വോട്ട് ഇടിവ് സംഭവിച്ചത്. 2021-ൽ 63,690 വോട്ടുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് 2026-ൽ 46,136 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 17554 വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലോകഭസയിൽ നേട്ടം കൊയ്ത തൃശ്ശൂരിൽ 23 ശതമാനമാണ് വോട്ട് വിഹിതം. മലമ്പുഴയിൽ 30.13, ആറ്റിങ്ങലിൽ 30.54, അനൂപ് ആന്റണി മത്സരിച്ച തിരുവല്ലയിൽ 30.6 കരമന ജയൻ കടുത്ത മത്സരം നൽകിയ തിരുവനന്തപുരത്ത് 30.2 എന്നിങ്ങനെ പോകുന്നു വോട്ട് ശതമാനം. ഇതെല്ലാം സൂചിപ്പിക്കുന്നത് താമരയുടെ മൊട്ട് തെളിയുന്നു എന്ന് തന്നെയാണ്. ഇനിയത് വരും വർഷങ്ങളിൽ വിരിഞ്ഞിറങ്ങി കേരളം ബിജെപി വിഴുങ്ങുമോ എന്നതാണ് അടുത്ത ചോദ്യം. ചെറിയൊരു ഇടം കിട്ടിയ ഇടങ്ങളിലെല്ലാം പിന്നീട് ഭരണം പിടിച്ച ചരിത്രമാണ് ബിജെപിക്കുള്ളത് എന്ന കാര്യം ഇടതും വലതും മലയാളികളും മറന്ന് പോകാതിരിക്കട്ടെ.




