വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടി കേരളത്തിന്റെ പൂമുഖത്ത് ഉണ്ടാവുക പോലുമില്ല. അണികളും നേതാക്കളും ഉൾപ്പെടെയുള്ളവർ വ്യാപകമായി മറ്റു പാർട്ടികളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുവാൻ ഒരുങ്ങുകയാണ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ 55 നിയമസഭാ സീറ്റുകളിൽ വളരെ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
കുറ്റ്യാടി മണ്ഡലത്തിൽ 333 വോട്ടുകൾക്കും മാത്രമായിരുന്നു കഴിഞ്ഞതവണ കോൺഗ്രസ് പരാജയപ്പെട്ടത്. മികച്ച ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ ഇവിടെ അനായാസം വിജയിക്കുവാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു. തൃശ്ശൂർ മണ്ഡലത്തിലും കേവലം 946 വോട്ടുകൾക്കു മാത്രമായിരുന്നു കോൺഗ്രസ് പരാജയപ്പെട്ടിരുന്നത്. പത്മജ വേണുഗോപാലായിരുന്നു മണ്ഡലത്തിൽ കഴിഞ്ഞതവണ തൃശ്ശൂർ മണ്ഡലത്തിൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് പരാജയം രുചിച്ചത്. താനൂർ മണ്ഡലത്തിലും പാർട്ടി പരാജയപ്പെട്ടത് 985 വോട്ടുകൾക്ക് മാത്രമായിരുന്നു. ഇവിടെയും മികച്ചൊരു സ്ഥാനാർഥി മത്സരിച്ചാൽ വിജയം സുനിശ്ചിതമാണ്. ചവറ, റാന്നി മണ്ഡലങ്ങളിലും യുഡിഎഫ് പരാജയപ്പെട്ടത് ചെറിയ മാർജിനിൽ തന്നെയാണ്. ചവറയിൽ 1096 വോട്ടുകൾ ആണ് ഷിബു ബേബി ജോൺ പരാജയപ്പെട്ടത്. റാന്നിയിലും 1285 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിൽ ആയിരുന്നു ഇടത് സ്ഥാനാർത്ഥി വിജയിച്ചത്.
കണ്ണൂർ, പീരുമേട്, കൊല്ലം, തവനൂർ, നിലമ്പൂർ, കുന്നത്തൂർ, അടൂർ, തൃത്താല, നാദാപുരം മണ്ഡലങ്ങളിലും 5000 ത്തിൽ താഴെ വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഇതിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ മത്സരരംഗത്ത് നിന്ന് മാറുന്നതോടെ കോൺഗ്രസിന് വിജയം ഉറപ്പാണ്. മണ്ഡലം ലീഗ് ഏറ്റെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് ചർച്ചകൾ യുഡിഎഫിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. പീരുമേട്ടിലും കൊല്ലത്തും നിലവിലെ എംഎൽഎമാർക്കെതിരെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിരുദ്ധവികാരം ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസിന് സാധിച്ചാൽ അവിടങ്ങളിൽ വിജയിക്കുവാൻ കഴിയും. തവനൂർ മണ്ഡലത്തിൽ പി വി അൻവർ മത്സരിച്ചാൽ ജലീൽ കൂടി മത്സരിക്കാതെ ഇരുന്നാൽ യുഡിഎഫിന് എളുപ്പത്തിൽ വിജയിക്കാം. കുന്നത്തൂർ മണ്ഡലത്തിൽ ആർഎസ്പി നേതാവ് ഉല്ലാസ് കോവൂർ പരാജയപ്പെട്ടത് ചെറിയ വോട്ടുകൾക്കായിരുന്നു. അദ്ദേഹത്തിനുള്ള വ്യക്തിപരമായ സ്വീകാര്യത അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടം ആകും എന്ന് യുഡിഎഫ് കരുതുന്നു.
അടൂർ മണ്ഡലത്തിൽ കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ പരാജയപ്പെട്ടത് ചെറിയ വോട്ടുകൾക്കായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ സ്ഥാനാർഥി ആകും എന്നും വിജയിക്കുമെന്നും എല്ലാവരും കരുതിയതുമാണ്. എന്നാൽ ആകസ്മികമായ വിയോഗം യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചിരിക്കുകയാണ്. അരുവിക്കര, കുട്ടനാട്, ഇടുക്കി, തിരുവമ്പാടി, ഇരിങ്ങാലക്കുട, അഴീക്കോട്, ചേർത്തല, ചങ്ങനാശ്ശേരി, കായംകുളം, കോതമംഗലം, അരൂർ, തിരുവനന്തപുരം, ദേവികുളം, വൈപ്പിൻ, കൊയിലാണ്ടി, കോന്നി, മാനന്തവാടി, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെ വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. മണ്ഡലങ്ങളിൽ ഭൂരിഭാഗം ഇടങ്ങളിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ മറ്റു ചിലതാണ്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ വരുന്ന തെരഞ്ഞെടുപ്പിൽ പലയിടത്തും യുഡിഎഫിന് അട്ടിമറി വിജയം നേടുവാൻ കഴിയും.
കോതമംഗലം കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്താൽ വിജയം സുനിശ്ചിതമാണ്. മാനന്തവാടിയിലും മികച്ച ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുവാൻ കഴിഞ്ഞാൽ വിജയം ഉറപ്പാണ്. കോന്നി മണ്ഡലത്തിൽ അടൂർ പ്രകാശ് തന്നെ മത്സരത്തിന് ഇറങ്ങിയാൽ യുഡിഎഫ് ഉറപ്പായും വിജയിക്കും. കായംകുളത്തും അരൂരും കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരാണെങ്കിലും വിജയിക്കുന്ന സാഹചര്യമാണ്. കൊയിലാണ്ടി മണ്ഡലത്തിൽ മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് മത്സരിച്ചാൽ വിജയിക്കുന്നതിനുള്ള സാധ്യതകൾ വളരെ വലുതാണ്. തിരുവനന്തപുരം മണ്ഡലത്തിൽ ഏതെങ്കിലും മികച്ച കോൺഗ്രസ് സ്ഥാനാർത്ഥി കടന്നുവന്നാൽ വിജയിക്കുവാൻ എളുപ്പം കഴിയും എന്ന് കെപിസിസി നേതൃത്വം പോലും തിരിച്ചറിയുന്നുണ്ട്.
അതേസമയം തിരുവനന്തപുരം മണ്ഡലം ഫോർവേഡ് ബ്ലോക്കിനോ സിഎംപിക്കോ കൊടുക്കുവാനുള്ള നീക്കങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് അത്രകണ്ട് യോജിപ്പില്ല. വാമനപുരം, കുന്നമംഗലം, കൊട്ടാരക്കര, അമ്പലപ്പുഴ, തിരുവല്ല, ആലപ്പുഴ, കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങൾ, ഉദുമ, കാഞ്ഞിരപ്പള്ളി, ചടയമംഗലം, ചിറയിൻകീഴ്, കൊച്ചി, ഏറ്റുമാനൂർ, പത്തനാപുരം എന്നീ മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെ വോട്ടുകൾ ക്ക് മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഈ മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് മെച്ചപ്പെട്ട സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് വിജയത്തിലേക്ക് അടുക്കുവാൻ ആണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്.
വർക്കല, പട്ടാമ്പി, ഗുരുവായൂർ, ആറന്മുള മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഈ മണ്ഡലങ്ങളിലും കഴിവിന്റെ പരമാവധി പരിശ്രമിച്ചാൽ വിജയം നേടുവാൻ കഴിയുമെന്ന് കോൺഗ്രസ് ക്യാമ്പ് കരുതുന്നു. ഏതായാലും പുതിയ നേതൃത്വം എങ്ങനെയും കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ആ മുന്നോട്ടുപോകുന്ന പ്രയാണത്തിൽ നാം ചർച്ച ചെയ്ത 55 മണ്ഡലങ്ങൾ അങ്ങേയറ്റം നിർണായകമാണ്.




