കൊച്ചി: കേരള ഹൈക്കോടതി കൊളീജിയം അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തു. സീനിയോരിറ്റി അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിർദേശം.
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയായ ഹണി എം വർഗീസ് ഉൾപ്പെടെ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ഹണി എം വർഗീസ് ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നു.
ശുപാർശകൾ ഇനി സുപ്രീംകോടതി കൊളീജിയം പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി വർഗീസ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായിരുന്നു.




