പത്തനംതിട്ട: തട്ടയിൽ അൾഷിമേഴ്സ് രോഗബാധിതനായ ക്രൂരമായ മർദിക്കുകയും നഗ്നനാക്കി വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഹോംനഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ (59 ) മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.
വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ചു കിടപ്പിലാണ്. ഒന്നര മാസം മുൻപാണ് വിഷ്ണു എന്ന ഹോം നഴ്സിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. 3 ദിവസം മുൻപാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അസ്വാഭിക ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ പറഞ്ഞു വിട്ടപ്പോഴാണ് സംഭവം അറിയുന്നത്.
ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ സ്ഥലത്തില്ല. വീട്ടിലെ സിസി ടിവിയിൽ നിന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. അടൂരിലെ ഏജൻസി വഴിയാണ് ഹോം നഴ്സിനെ കുടുംബം നിയമിച്ചത്.






