കൊല്ലം: കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടത്. ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വിനോദ് കുമാർ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ പോലീസിനെ വിളിച്ചിരുന്നെങ്കിലും പോലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറഞ്ഞത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലം വീട് പൂർണമായി തകർന്നു. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.






