തിരുവനന്തപുരം: കരുംകുളത്ത് രണ്ട് വീടുകളിൽ നടന്ന മോഷണത്തിൽ ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ വാഹനങ്ങളും പരിശോധിച്ച് വരുന്നതായി കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.
പുല്ലുവിള പഴയതുറ പ്രദേശത്തെ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിന്റെയും വീടുകളിലാണ് മോഷണം നടന്നത്. മിനിയുടെ വീട്ടിൽ നിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6.65 ലക്ഷം രൂപയും, ബ്രിജിറ്റിന്റെ വീട്ടിൽ നിന്ന് രണ്ട് ഗ്രാം സ്വർണവും 500 രൂപയും നഷ്ടപ്പെട്ടു.
ശനിയാഴ്ച രാത്രി വീട്ടുകാർ ഈസ്റ്റർ ആരാധനയ്ക്കായി ദേവാലയത്തിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാര പൊളിച്ച് ആഭരണങ്ങളും പണവും കവർന്നതായി കണ്ടെത്തി.
രണ്ടു വീടുകളിലും അടുക്കളവാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.




