സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റിസര്‍വ്വ് ബാങ്കിന്‍റെ സ്വര്‍ണ പണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വര്‍ണ പണയ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും സ്വര്‍ണ പണയ മേഖലയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തമാക്കാനും നഷ്ടസാധ്യതകള്‍ ഒഴിവാക്കാനും വേണ്ടിയുള്ള കരടു നയം റിസര്‍വ് ബാങ്ക് 2025 ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. ഇതേ സമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നു.

കര്‍ഷകര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ഇങ്ങനെ പ്രതിഷേധം ഉയര്‍ത്തിയവരില്‍ പെടുന്നു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ അവര്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന സ്വകാര്യ വായ്പാ ദാതാക്കളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് പ്രതിഷേധം ഉയര്‍ത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ആശങ്കകള്‍ ഉയരുന്നതിനിടെ നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതിയിരുന്നു. വായ്പ എടുക്കുന്നവര്‍, പ്രത്യേകിച്ച് ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും സ്വര്‍ണ പണയത്തെ വന്‍ തോതില്‍ ആശ്രയിക്കുന്ന വിഭാഗത്തിന് നേരിടേണ്ടി വരുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ ഈ കത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്ന് ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) കരടു നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്കിനു ഫീഡ്ബാക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

പരിശുദ്ധി സംബന്ധിച്ച നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍, പണയപ്പെടുത്തുന്ന സ്വര്‍ണത്തിന്‍റെ ഉടമസ്ഥത സ്ഥാപിക്കാനുയുള്ള സ്റ്റിക്കര്‍ രേഖ, സ്വീകരിക്കുന്ന സ്വര്‍ണത്തിന്‍റെ രൂപം സംബന്ധിച്ച നിയന്ത്രണങ്ങള്‍, വായ്പ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച കൂടുതല്‍ നിരീക്ഷണങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്നതാണ് റിസര്‍വ്വ് ബാങ്കിന്‍റെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍. രണ്ടു ലക്ഷം രൂപയ്ക്ക് താഴെ സ്വര്‍ണ പണയം പ്രയോജനപ്പെടുത്തുന്നവരെ ഈ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഡിഎഫ്എസ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ചെറിയ തുകകള്‍ക്കുള്ള സ്വര്‍ണ പണയ വായ്പകള്‍ സമയാസമയത്ത് ലഭ്യമാകുന്ന രീതിയില്‍ വിതരണം ചെയ്യപ്പെടുന്നു എന്നുറപ്പാക്കാന്‍ ഈ ഇളവ് ആവശ്യമാണെന്ന് ഡിഎഫ്എസ് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍, വനിതകള്‍, സൂക്ഷ്മ സംരംഭകര്‍ തുടങ്ങിയവരാണ് തങ്ങളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പ്രധാനമായും ഇത്തരത്തിലുള്ള സ്വര്‍ണ പണയ വായ്പകളെ ആശ്രയിക്കുന്നത്.

ഇന്ത്യന്‍ കുടുംബങ്ങളില്‍ സ്വര്‍ണത്തിന് എന്നും ഒരു പ്രത്യേക സ്ഥാനമാണുള്ളത്. അടുത്തിടെയുള്ള ഒരു റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വീടുകളിലെല്ലാം കൂടി 25,000 ടണ്‍ സ്വര്‍ണമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ 10 കേന്ദ്ര ബാങ്കുകളില്‍ മൊത്തമുള്ള സ്വര്‍ണ ശേഖരത്തെ മറി കടക്കുന്നതാണിത്. മൂല്യം എന്നതിനേക്കാള്‍ പാരമ്പര്യം, സ്നേഹം, സുരക്ഷ എന്നിവയുടെ അടയാളം കൂടിയാണ് സ്വര്‍ണം.

ദശലക്ഷക്കണക്കിനു പേര്‍ക്ക് തലമുറകളായി തങ്ങളുടെ പ്രതികൂല സാഹചര്യങ്ങളില്‍ അടിയന്തര ആരോഗ്യ പരചരണം, വിദ്യാഭ്യാസം, ചെറുകിട ബിസിനസ് ആവശ്യങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായി വിശ്വസനീയമായി ആശ്രയിക്കാവുന്ന ഒരു വായ്പ ഉപാദിയാണ് സ്വര്‍ണ പണയം. സ്വര്‍ണ പണയ മേഖല ഈ മാറ്റങ്ങള്‍ക്കായി തയ്യാറാകുമ്പോഴും ഇക്കാര്യത്തില്‍ ഉപഭോക്തൃ കേന്ദ്രീകൃത കാഴ്ചപ്പാടോടെയുള്ള വിശകലനവും ആവശ്യമാണ്.

കരടു മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ചിട്ടുള്ളവ എന്തെല്ലാമാണ്? എന്തുകൊണ്ടാണ് രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള വായ്പ എടുക്കുന്നവരെ ഒഴിവാക്കണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തത്.

  1. ഉടമസ്ഥതാവകാശം സംബന്ധിച്ച തെളിവ് ആവശ്യം

പണയപ്പെടുത്തുന്ന സ്വര്‍ണത്തിന്‍റെ ഉടമസ്ഥതാവകാശം സംബന്ധിച്ച തെളിവുകള്‍ വായ്പ എടുക്കുന്നവര്‍ ഹാജരാക്കണം എന്നതാണ് കരടു നിര്‍ദ്ദേശങ്ങളില്‍ മുഖ്യമായ ഒന്ന്. ഉടമസ്ഥത സംബന്ധിച്ച ഈ രേഖ വായ്പ നല്‍കുന്നവര്‍ പരിശോധിക്കുകയും ഇതില്‍ സംശയമില്ലെങ്കില്‍ മാത്രം പണയമായി സ്വീകരിക്കുകയും വേണം.

തട്ടിപ്പുകളും ദുരുപയോഗങ്ങളും തടയാനായാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷേ, ഇന്ത്യന്‍ കുടുംബങ്ങളിലുള്ള സ്വര്‍ണത്തില്‍ ഏറിയ പങ്കും തലമുറകളായി സൂക്ഷിക്കുന്നതാണ്. പല ആഭരണങ്ങള്‍ക്കും അതു വാങ്ങിയതിന്‍റെ രേഖകളൊന്നും കാണുകയുമില്ല. രസീതുകളുടെ അഭാവത്തില്‍ ഒരു ഡിക്ലറേഷന്‍ മതിയാകുമെന്ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയാലും അത് എങ്ങനെ നടപ്പാക്കും, ഡിക്ലറേഷന്‍ സാധുവായി തുടരുമോ തുടങ്ങിയവയെല്ലാം അവ്യക്തമാണ്. വായ്പയ്ക്കായി വീട്ടിലെ സ്വര്‍ണം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഒഴിവാക്കപ്പെടുന്നതിനുള്ള സാധ്യതയും ഇവിടെയുണ്ട്.

  1. ശുദ്ധത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നിബന്ധന

വായ്പ എടുക്കുന്നവര്‍ സ്വര്‍ണത്തിന്‍റെ ശുദ്ധത സംബന്ധിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് വായ്പ നല്‍കുന്നവര്‍ക്ക് നല്‍കണം എന്നും കരട് നിര്‍ദ്ദേശങ്ങളിലുണ്ട്. ശുദ്ധതയുടെ നിലവാരം, ഭാരം, കുറവ്, ചിത്രം, മൂല്യം എന്നിവ അതിലുണ്ടാകണം. സുതാര്യത മെച്ചപ്പെടുത്താനും മൂല്യനിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കുമെങ്കിലും അധിക ഡോക്യുമെന്‍റേഷനാവും അതിന്‍റെ ഫലം. വായ്പ നല്‍കല്‍ വൈകിപ്പിക്കാന്‍, പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളില്‍, ഇതിടയാക്കും.

സ്വര്‍ണ്ണപ്പണയ വായ്പകള്‍ അടിയന്തിര ഘട്ടങ്ങളിലാണ് സാധാരണയായി ആളുകള്‍ എടുക്കാറുള്ളത്. അതിനാല്‍ കൂടുതല്‍ പ്രവര്‍ത്തനപരമായ നടപടിക്രമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ ഉടനടി പണം ആവശ്യമുള്ള യഥാര്‍ത്ഥ വായ്പക്കാര്‍ക്ക് ഇത് നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്.

  1. ഈട് യോഗ്യത

വായ്പകള്‍ക്കായി പണയം വെക്കുന്ന സ്വര്‍ണം സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ നിര്‍വ്വചനവും റിസര്‍വ് ബാങ്ക് മുന്നോട്ടു വെക്കുന്നുണ്ട്. സ്വര്‍ണ ആഭരണങ്ങളും (ഒരു കിലോഗ്രാം വരെ) ബാങ്ക് വിതരണം ചെയ്ത 22 കാരറ്റ് ശുദ്ധതയുള്ള സ്വര്‍ണ നാണയങ്ങളും (50 ഗ്രാം വരെ) മാത്രമായിരിക്കും പരിഗണിക്കുക.

വായ്പ നല്‍കുന്നവരുടേയും എടുക്കുന്നവരുടേയും സാധ്യതകള്‍ ചുരുക്കുന്നതാണ് ഈ നടപടി. വായ്പ എടുക്കുന്ന പലരും, പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ളവും ചെറു പട്ടണങ്ങളിലുള്ളവരും, തങ്ങളുടെ കയ്യില്‍ ഏതു രീതിയിലെ സ്വര്‍ണമാണോ ഉള്ളത്, അതു പണയം വെക്കുന്ന രീതിയാണു പിന്തുടരുന്നത്. ചടങ്ങുകളില്‍ ലഭിക്കുന്ന പാത്രങ്ങളും നാണയങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. നിര്‍ദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ വിഭാഗത്തിന് സ്വര്‍ണ പണയം പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളെ ചുരുക്കും. അനൗപചാരിക വായ്പാ രംഗത്തേക്ക് തിരിയാന്‍ അതവരെ പ്രേരിപ്പിക്കുകയും ചെയ്യും.

  1. ഉയര്‍ന്ന ശുദ്ധതയുള്ള സ്വര്‍ണവും കുറഞ്ഞ നിലവാരത്തില്‍ മൂല്യനിര്‍ണയം ചെയ്യപ്പെടും

മൂല്യ നിര്‍ണയം സംബന്ധിച്ച രീതിയാണ് ഉപഭോക്താക്കള്‍ക്ക് പ്രതികൂലമാകുന്ന മറ്റൊന്ന്. വായ്പ എടുക്കുന്ന ഒരു വ്യക്തി 24 കാരറ്റ് സ്വര്‍ണമാണ് പണയം വെക്കുന്നതെങ്കിലും വായ്പ നല്‍കുന്നത് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാവും. അതുപോലെ 22 കാരറ്റില്‍ കുറവ് ശുദ്ധതയുള്ള സ്വര്‍ണം മൂല്യ നിര്‍ണയത്തിനായി 22 കാരറ്റിന് തുല്യമായ നിരക്കിലേക്കു മാറ്റേണ്ടിയും വരും.

ആര്‍ബിഐ വായ്പദായകരില്‍ സ്വര്‍ണ്ണത്തിന്‍റെ മൂല്യനിര്‍ണ്ണയം ഏകീകരിക്കാനും സ്വര്‍ണ്ണത്തിന്‍റെ ശുദ്ധിയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിടുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ പണയം വെക്കുമ്പോഴും കുറഞ്ഞ വായ്പാ തുക ലഭിക്കുന്നതിന് കാരണമായേക്കാം. ഇത് ഉപഭോക്താവിന്‍റെ കാഴ്ചപ്പാടില്‍ നീതിയുക്തമായി തോന്നിയെന്ന് വരില്ല.

5 .വായ്പാ ഉപയോഗം നിരീക്ഷിക്കല്‍

എന്ത് ആവശ്യത്തിനാണ് വായ്പ എന്നു വ്യക്തമാക്കുകയും അതിനു മാത്രം വായ്പാ തുക ഉപയോഗിക്കുന്നു എന്നു നീരീക്ഷിക്കുകയും ചെയ്യണം എന്നും കരട് നിര്‍ദ്ദേശങ്ങളിലുണ്ട്. ഉത്തരവാദിത്തം എന്നത് പ്രധാനപ്പെട്ടതാണെങ്കിലും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു വേണ്ടി സ്വര്‍ണം പണയം വെക്കുന്നവരുടെ സ്വയം നിര്‍ണയം ഈ തലത്തിലുള്ള നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ലംഘിക്കപ്പെടും.

ഈ മേഖലയില്‍ സ്വയം പര്യാപ്തതയും സുതാര്യതയും കൊണ്ടു വരിക എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കരടു നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പക്ഷേ, പുതിയ നിയന്ത്രണ മാനദണ്ഡങ്ങള്‍ വായ്പ എടുക്കുന്നവരെ തന്നെ അകറ്റുന്ന രീതിയിലാകരുത്. വനിതകളേയും ചെറുകിട ബിസിനസ് ഉടമസ്ഥരേയും കര്‍ഷകരേയുമെല്ലാം ആശ്രയിക്കാവുന്നതും വേഗത്തിലുള്ളതുമായ ആവശ്യ സമയത്തു ലഭ്യമായ ഈ വായ്പ ലഭ്യമാകുന്നതില്‍ നിന്ന് അകറ്റരുത്. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ റിസര്‍വ്വ് ബാങ്ക് തേടുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സന്തുലിതമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ ബിസിനസ് മേഖലയ്ക്കുള്ളത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.