ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. ജമ്മു കശ്മീർ പൊലീസാണ് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്. ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിലാണ് ഭീകരവാദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സിസിടിവികളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ അഹമ്മദ്. പരിശോധനയിൽ അനന്ത്നാഗിലെ മുറിയിലെ ലോക്കറിൽനിന്ന് തോക്കുകൾ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫരീദാബാദിൽനിന്ന് തോക്കുകളും സ്ഫോടകവസ്തുക്കൾ പിടികൂടിയത്.










