മുംബൈ: ഇറാനുമായി ബന്ധപ്പെട്ട യുദ്ധഭീതിയും ക്രൂഡ് ഓയിൽ വില വർധനയും കാരണം ആഗോള വിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയിലും വലിയ തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇന്ത്യൻ സൂചികകൾ വൻ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റി 500 ലിസ്റ്റിലുള്ള മിക്ക കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഏകദേശം 1.8 ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് 20 ശതമാനം ഉയർന്ന് 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. തിങ്കളാഴ്ചത്തെ ഇടിവിൽ നിക്ഷേപകർക്ക് ഇതിനോടകം ഏകദേശം 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
ക്രൂഡ് ഓയിൽ വില ഉയർന്നതോടെ എണ്ണക്കമ്പനികളുടെ ഓഹരികളും തകർന്നു. ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ എട്ട് ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി 50 ലിസ്റ്റിലുള്ള എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നഷ്ടം നേരിട്ടു.
ഇതേസമയം മറ്റ് ഏഷ്യൻ വിപണികളിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലെ നിക്കെയ് 225 സൂചിക ഏകദേശം 6 ശതമാനം ഇടിഞ്ഞപ്പോൾ ദക്ഷിണകൊറിയയിലെ കോസ്പിയും ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 സൂചികയും തകർച്ച നേരിട്ടു.
ഇറാൻ യുദ്ധസാഹചര്യവും അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർന്നതുമാണ് വിപണിയെ ബാധിച്ചതെന്ന് വിദഗ്ധർ പറയുന്നു. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറായി ഉയർന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇതിന്റെ സാമ്പത്തിക ബാധ്യത കൂടുതലായിരിക്കുമെന്ന് വിലയിരുത്തുന്നു.






