മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ റാപ്പര്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത് നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് പരാതി. ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നല്‍കിയത്.വേടന്റെ പാട്ടുകള്‍ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
ലഹരി ഉപയോഗിക്കുന്ന താന്‍ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പരാതിയില്‍ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുകയാണ്. വേടന്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകള്‍ ഉള്‍പ്പെടുത്തണമെന്നും എകെ അനുരാജ് ആവശ്യപ്പെട്ടു.
ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തിയത്.
‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’.യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.






