ജാഷ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂറിൽ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലക്ക് ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ഇവർ ഒളിവിൽ പോയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം. ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സുപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. കോർബയിലാണ് മകൾ താമസിച്ചിരുന്നത്. ഇവരെ ഫോണിൽ വിളിച്ച് ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പ് കൊണ്ട് മൂടി. ശേഷം അത് ഒരു ട്രോളി ബാഗിലാക്കിയെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ച് ആണ് പോലീസിനെ വിവരം അറിയിച്ചത്. പ്രതി ഒളിവിലാണ്.






