ആലപ്പുഴ: ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഎ അരുണ്‍കുമാര്‍. പുന്നപ്ര വിപ്ലവഭൂമിയായതിനാല്‍ ഇത് പാര്‍ട്ടി ഗ്രാമമാണെന്നും, സുധാകരന്റെ തീരുമാനത്തോട് ആളുകള്‍ വൈകാരികമായി പ്രതികരിക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി തന്നെ പരിഹരിക്കേണ്ടതാണെന്നും സംഭവിക്കരുതാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടെ ജീവിക്കുന്നതെന്നും ഭൂരിഭാഗവും പാര്‍ട്ടി കുടുംബങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ തീരുമാനങ്ങളനുസരിച്ചാണ് എല്ലാം മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെ വരണമോയെന്നത് അദ്ദേഹത്തിന്റെ തന്നെ ആലോചനയായിരിക്കണമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി സുധാകരൻ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനൊപ്പമാണ് താനെന്നും, എല്ലാവരും പാര്‍ട്ടി കുടുംബത്തിന്റെ ഭാഗമാണെന്നും, ഈ നാടിന് ആദ്യ പരിഗണന പാര്‍ട്ടിക്കാണ് അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.






