കൊച്ചി: അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ എം.പി. ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ജെബി മേത്തർ പ്രതികരിച്ചു. കെ. മുരളീധരൻ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നേതാവാണെന്നും ഇത്രയും കാലം അദ്ദേഹം നടത്തിയ പരാമർശങ്ങളെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളായാണ് താൻ കാണുന്നതെന്നും അവർ പറഞ്ഞു. കെ. മുരളീധരനു പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അടൂർ പ്രകാശിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്നും ജെബി മേത്തർ വ്യക്തമാക്കി.
അടൂർ പ്രകാശ് പറഞ്ഞതും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് ജെബി മേത്തർ പറഞ്ഞു. തനിക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടി പ്രവർത്തകരുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മൊഴി നൽകാനാണ് കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിലെത്തിയതെന്നും ജെബി മേത്തർ പറഞ്ഞു.
അതിനിടെ, അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി കെ. മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്നായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ, അത് ആരാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആണുങ്ങളുടെ സർക്കാർ’ എന്ന പരാമർശത്തിൽ കെ. സുധാകരനെയും മുരളീധരൻ പരിഹസിച്ചിരുന്നു. ‘വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം’ എന്നായിരുന്നു സുധാകരനെതിരായ പരിഹാസം.
മുഖ്യമന്ത്രി വി.ഡി. സതീശനെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള അടൂർ പ്രകാശിന്റെ പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ തലവേദന സൃഷ്ടിച്ചിരുന്നു. സി.എം.ആർ.എൽ. കേസിൽ സർക്കാർ സ്വീകരിച്ച പിണറായി വിജയൻ അനുകൂല നിലപാടിലും പാർട്ടിക്കുള്ളിൽ അമർഷമുയർന്നിരുന്നു. വിഷയത്തിൽ നേതാക്കൾ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
യു.ഡി.എഫിൽ കൂടിയാലോചനകളില്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അടൂർ പ്രകാശ് നേരത്തെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചുപുറത്താക്കിയതുപോലെ യു.ഡി.എഫ്. കൺവീനറെയും പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ഇതിനു പിന്നിൽ ഒരു ഉപജാപകസംഘമുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു.
വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയിലും അടൂർ പ്രകാശ് വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ കാര്യത്തിൽ ജനങ്ങൾക്ക് യാതൊരു സംശയവും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



