കോഴിക്കോട്: സമസ്തയുമായി തനിക്ക് അകൽച്ചയില്ലെന്ന് പുതുതായി ചുമതലയേറ്റ വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി. സമസ്തയുമായി അകൽച്ച ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും സമസ്ത തനിക്കെതിരെ പരാതി പറയില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിയേ പോകുന്ന എല്ലാവർക്കും സമസ്തയുടെ പേരിൽ പരാതി പറയാനാകുമോയെന്നും മായിൻ ഹാജി ചോദിച്ചു. മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചുമതലയേറ്റതെന്നും ഇനി എല്ലാവരുടെയും ചെയർമാനാണ് താനെന്നും മായിൻ ഹാജി പറഞ്ഞു. മുൻ ചെയർമാന്റെയും ചെയർമാനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്. ഹംസയുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും സമസ്തയ്ക്കുള്ള പരാതികൾ നിയമനം നടത്തിയവരോടാണ് പറയേണ്ടതെന്നും മായിൻ ഹാജി വ്യക്തമാക്കി.
മുനമ്പം വിഷയം രമ്യമായും മാന്യമായും പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുൻ വഖഫ് ബോർഡുകൾ സ്വീകരിച്ച നിലപാടിനൊപ്പമാണ് താനെന്നും വ്യക്തമാക്കി. 15 വർഷം വഖഫ് ബോർഡ് അംഗമായിരുന്ന തനിക്കെതിരെ വഖഫ് സ്വത്ത് അപഹരിച്ചതായി പരാതികളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുകൾ രമ്യമായി പരിഹരിക്കുകയാണ് പ്രധാനമെന്നും വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ കഴിയുന്നവ തിരിച്ചുപിടിക്കുമെന്നും മായിൻ ഹാജി പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഇന്ന് ഉത്തരവിറക്കിയിരുന്നു. എം.സി. മായിൻ ഹാജി ചെയർമാനായ പുതിയ കമ്മിറ്റിയിൽ എം.ബി. മുസ്തഫൽ ഫൈസി, ഷിറാസ് ബി. കപ്പാസി, കുറുക്കോളി മൊയ്തീൻ, അബ്ദുൽ മജീദ് സലാഹി തുടങ്ങിയവരും അംഗങ്ങളാണ്. മുസ്ലിം ഇതര അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തിട്ടില്ല. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.
സമസ്തയുടെ പ്രതിനിധിയായി എം.ബി. മുസ്തഫൽ ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്കലംഘനത്തെ തുടർന്ന് നേരത്തെ സമസ്ത പുറത്താക്കിയ മുശാവറ അംഗമാണ് മുസ്തഫൽ ഫൈസി. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരു സമസ്ത വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാത്ത സർക്കാർ തീരുമാനം അനീതിയും അന്യായവുമാണെന്ന് എ.പി. വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചിരുന്നു.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് പുനഃസംഘടന നടന്നത്. പുനഃസംഘടനയിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിഷയത്തിൽ ചർച്ചകൾ ശക്തമായി. തുടർന്ന് കെ.എസ്. ഹംസ ചെയർമാനായിരുന്ന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പുനഃസംഘടനയെ ചോദ്യം ചെയ്ത് കെ.എസ്. ഹംസ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.




