ഇടുക്കി: കട്ടപ്പനയിൽ സ്വകാര്യ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെളളൂക്കരവീട്ടില്‍ ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ടയറു കടയില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം അയക്കാൻ സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് നൽകിയത്. സാമ്പത്തിക വര്‍ഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പു കണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തത്.






