കണ്ണൂർ: കള്ളക്കടൽ പ്രതിഭാസ ഭാഗമായി 15-ന് പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യതയുള്ള തീരപ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം താമസം മാറ്റണമെന്ന് നിർദേശത്തിലാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. തിരമാലകൾ ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങളെ കടലിൽ ഇറക്കുന്നതും കരയ്ക്ക് അടുപ്പിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കണം. ബോട്ട്, വള്ളം ഉൾപ്പെടെയുള്ള മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. തീരശോഷണ സാധ്യത ഉയർന്നിരിക്കുന്നതിനാൽ തീരദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.






