തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്താകെ 164 പേരാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.






