ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതായികാണാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാകും. പ്രത്യേകിച്ച് ഇന്ത്യയുടെ റഷ്യൻ ഓയിൽ ഇറക്കുമതി ഏത് വിധേനയും അവസാനിപ്പിക്കുക എന്നതാണ് ഇപ്പോൾ ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്ധനത്തിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ 25% പിഴത്തീരുവ ചുമത്തിയ ട്രംപ് കഴിഞ്ഞ ദിവസം 100% തീരുവ ഇന്ത്യയ്ക്ക്മേൽ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്കും, ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന ആവശ്യം G7 രാജ്യങ്ങളോടും ഉന്നയിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ ലോകരാജ്യങ്ങളെ കൂടെ നിർത്തി ഒറ്റപ്പെടുത്താനും പ്രതിരോധിക്കാനും ഉള്ള ശ്രമങ്ങൾ ട്രംപ് നടത്തുന്നുണ്ട് എന്നാണ് സൂചനകൾ. റഷ്യൻ ഇന്ധന ഇറക്കുമതിയുടെ പേരിൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾക്ക് 100% അധിക തീരുവ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും യൂറോപ്യൻ യൂണിയൻ ഇതിനോട് അനുകൂലമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
മാത്രമല്ല ഇന്ത്യയുമായി കൂടുതൽ വ്യാപാര സാധ്യതകൾ അന്വേഷിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളുടെ മറ്റ് കൂട്ടായ്മകളെ കൂടെ നിർത്താൻ ട്രംപ് ഭരണകൂടം ശ്രമം ആരംഭിച്ചത്. യു.എസിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങാൻ ഇന്ത്യയും, ചൈനയും തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ തന്ത്രങ്ങളുമായി യു.എസ് എത്തുന്നത്.
50-100% പിഴത്തീരുവ നിർദ്ദേശം മുന്നോട്ടു വെക്കാനാണ് സാധ്യത. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നീ 7 രാജ്യങ്ങളാണ് G7 കൂട്ടായ്മയിലെ അംഗങ്ങൾ, ഇന്ത്യയും, ചൈനയും റഷ്യൻ ഇന്ധനം വാങ്ങുന്നതു കൊണ്ടാണ് യുക്രൈൻ യുദ്ധം തുടരാൻ റഷ്യയ്ക്ക് സാധിക്കുന്നതെന്നാണ് യു.എസ് അവകാശപ്പെടുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഗൗരവപൂർണമായ നീക്കങ്ങൾ ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി യു.എസിനെപ്പോലെ തീരുവ ഏർപ്പെടുത്താൻ മറ്റ് രാജ്യങ്ങളും തയ്യാറാവണമെന്നുമാണ് ട്രംപ് നിർദ്ദേശിക്കുന്നത്.
എന്നാൽ ഇതൊക്കെ പറയുമ്പോഴും റഷ്യയിൽ നിന്ന് വളം ഉൾപ്പെടെയുള്ളവ യു.എസ് വൻതോതിൽ ഇറക്കുമതി നടത്തുന്നുണ്ട്. യൂറോപ്യൻ യൂണിയനും റഷ്യയുമായി വലിയ വ്യാപാര പങ്കാളിത്തമാണുള്ളത്. ഇക്കാര്യങ്ങൾ പരിഗണിക്കാതെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് യു.എസ് സ്വീകരിക്കുന്നതെന്ന് ഇന്ത്യ മുമ്പ് തന്നെ വിമർശനം ഉന്നയിച്ചിരുന്നു. യു.എസ് ഇന്ത്യയ്ക്ക് പിഴത്തീരുവ ഏർപ്പെടുത്തിയതോടെ കൂടുതൽ ഡിസ്കൗണ്ടിൽ ഇവിടേക്ക് ക്രൂഡ് ഓയിൽ നൽകാൻ റഷ്യ തീരുമാനിച്ചിട്ടുമുണ്ട്.
എന്നാൽ ഇത്രയധികം സമ്മർദങ്ങൾ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങിക്കൂട്ടിയിരിക്കുകയാണ് ഇന്ത്യ. ഓഗസ്റ്റിൽ 290 കോടി യൂറോയുടെ അതായത് ഏകദേശം 30,000 കോടി രൂപയുടെ അസംസ്കൃത എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്. ചൈനയുടെ 310 കോടി യൂറോയുടെ ഇറക്കുമതിക്ക് അടുത്തേക്ക് ഒരു പടികൂടി അടുക്കുകയുംചെയ്തു. ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ജൂലായിൽ 270 കോടി യൂറോയുടെ അസംസ്കൃത എണ്ണയായിരുന്നു ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെയും.
ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറഞ്ഞപ്പോൾ ഇന്ത്യയുടേത് ഓഗസ്റ്റിൽ കൂടിയതായാണ് കണക്ക്. ട്രംപിന്റെ സമ്മർദങ്ങൾക്ക് ഇടയിലാണ് വർദ്ധനവ് എന്നതാണ് ശ്രദ്ധേയം. ഓഗസ്റ്റിൽ റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ വാങ്ങിയത് ചൈനയാണ്. അതേസമയം, റഷ്യയിൽനിന്നുള്ള വാതകവും എണ്ണ ഉത്പന്നങ്ങളും കൂടുതൽ വാങ്ങിയത് തുർക്കിയാണ്. അസംസ്കൃത എണ്ണ കൂടാതെ 51 കോടി യൂറോയുടെ കൽക്കരിയും 28.2 കോടി യൂറോയുടെ പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയതായും സൂചനനകളുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ട്രംപ് എന്തൊക്കെ സമ്മർദങ്ങൾ ചെലുത്താൻ ശ്രമിച്ചിട്ടുണ്ടോ അതൊന്നും കാര്യമായി ബാധിക്കാതെ മുന്നോട്ടു പോകാൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യയുമായി കൂടുതൽ സഹകരണങ്ങൾ മെച്ചപ്പെടുത്തുമെന്നല്ലാതെ ട്രംപിന്റെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുമോയെന്നത് കണ്ടറിയണം.






