ന്യൂഡൽഹി: വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഇന്ത്യ. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ്ങിൽ അമേരിക്കയും റഷ്യയും കഴിഞ്ഞ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ലോകത്തെ 103 രാജ്യങ്ങളുടെയും 129 വ്യോമ സേവനങ്ങളുടെയും കരസേന, നാവികസേന, മറൈൻ ഏവിയേഷൻ ഉൾപ്പെടെ റാങ്കിങ്ങിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.
ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണ ശേഷി, പ്രതിരോധ ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് ട്രൂവൽ റേറ്റിങ് ഫോർമുല ഉപയോഗിച്ച് വ്യോമശേഷി നിർണയിച്ചത്. പട്ടിക പ്രകാരം, യുഎസ്എഎഫ് TVR 242.9, റഷ്യ 114.2, ഇന്ത്യ 69.4, ചൈന 63.8, ജപ്പാൻ 58.1, ഇസ്രയേൽ 56.3, ഫ്രാൻസ് 55.3, യുകെ 55.3 എന്നിങ്ങനെയാണ്.
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ എയർഫോഴ്സിലെ യുദ്ധവിമാനങ്ങളുടെ 31.6 ശതമാനം, ഹെലികോപ്റ്ററുകളുടെ 29 ശതമാനം, പരിശീലന വിമാനങ്ങളുടെ 21.8 ശതമാനമാണ്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സിന് 52.9 ശതമാനം യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലന വിമാനങ്ങളും ഉണ്ട്.
റാങ്കിങ്ങ് വിശദമായി നോക്കുമ്പോൾ, അമേരിക്കൻ വ്യോമസേന, നാവികസേന, റഷ്യൻ വ്യോമസേന, കരസേന, യു.എസ്. മറൈൻസ് എന്നിവയ്ക്കു ശേഷം ഇന്ത്യ ആറാം സ്ഥാനത്തും സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് പ്രധാന സ്ഥാനങ്ങൾ ചൈന (7), ജപ്പാൻ (8), ഇസ്രയേൽ (9), ഫ്രാൻസ് (10) എന്നിവയ്ക്ക് ലഭിച്ചിട്ടുണ്ട്.






