ദല്ലാസ്: ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ ദല്ലാസിൽ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതൻ വെടിവച്ചാണ് കൊലപാതകം നടന്നത്.
ഹൈദരാബാദിൽ നിന്ന് ഡെന്റൽ സർജറിയിൽ ബിരുദം നേടിയ ചന്ദ്രശേഖർ, 2023-ൽ ഉയർന്ന പഠനത്തിനായി യുഎസിലേക്ക് കുടിയേറി. ആറു മാസം മുൻപ് ഡെന്റൽ സർജറിയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയെങ്കിലും, തൊഴിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉപജീവനത്തിനായാണ് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്.
യുവാവിന്റെ കുടുംബവുമായി സമ്പർക്കത്തിലാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
മൃതദേഹം കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഉറപ്പുനൽകി. അമേരിക്കയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ സുരക്ഷാ പ്രശ്നങ്ങളെ വീണ്ടും ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് ചന്ദ്രശേഖറിന്റെ കൊലപാതകം.






