ന്യൂയോർക്ക്: ന്യൂജഴ്സിയിലെ നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിൽ ഇന്ത്യൻ യുവാവിനെ കൈവിലങ്ങിട്ട സംഭവത്തിൽ ഇന്ത്യൻകോൺസുലേറ്റ് ഇടപെട്ടു. കൈവിലങ്ങിട്ട് പൂട്ടി നിലത്ത് കിടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടത്.
രണ്ട് ദിവസം മുൻപ് വൈറലായ വിഡിയോയിൽ പോർട്ട് അതോറിറ്റി പോലീസ് ഉദ്യോഗസ്ഥർ നിലത്തുകിടത്തിയിരിക്കുന്ന യുവാവ് ഹരിയാൻവി ഭാഷയിൽ ‘ഞാൻ ഭ്രാന്തനല്ല, ഭ്രാന്തനായി ഇവർ ചിത്രീകരിക്കുകയാണ്’ എന്നു വിലപിക്കുന്നതു കാണാം. ഇന്തോ അമേരിക്കൻ ബിസിനസുകാരൻ കുനാൽ ജെയിൻ പങ്കുവച്ച വിഡിയോയ്ക്കൊപ്പം യുവാവിനു വിമാനയാത്ര നിഷേധിച്ചെന്നും കുറ്റപ്പെടുത്തിയിരുന്നു.
യുവാവിനെ മനുഷ്യത്വരഹിതമായാണ് പോലീസ് കൈകാര്യം ചെയ്തതെന്നും പിന്നീട് എന്തു സംഭവിച്ചെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും ജെയിൻ കുറിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഇന്ത്യൻ എംബസിയും ഇടപെടണമെന്നും ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ന്യൂജഴ്സിയിലെ അധികാരികളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിൽ കുറിച്ചു. ന്യൂഡൽഹിയിലെ യുഎസ് എംബസിയോടും വിശദീകരണം തേടി.






