കോഴിക്കോട് : കേരളത്തിന്റെ പ്രകൃതിഭംഗിയും പൈതൃകവും ആസ്വദിക്കാൻ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ, കോഴിക്കോട് നഗരത്തിൽ അമേരിക്കൻ വിനോദസഞ്ചാരികളുടെ സംഘം സന്ദർശനം നടത്തി. കേരളത്തിന്റെ തനത് നിർമ്മാണ രീതികളും ചരിത്രസ്മാരകങ്ങളും അടുത്തറിയാനാണ് സംഘം എത്തിയിരിക്കുന്നത്.
കോഴിക്കോട് സിറ്റി ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് സംഘം നഗരത്തിലെത്തിയത്. ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക മന്ദിരങ്ങൾ സന്ദർശിക്കുന്നതിലൂടെ നഗരത്തിന്റെ പൗരാണികതയെക്കുറിച്ച് മനസ്സിലാക്കാൻ സഞ്ചാരികൾക്ക് സാധിച്ചു. കോഴിക്കോടിൻ്റെ തനത് നിർമ്മാണ ശൈലികളും പ്രകൃതി സൗന്ദര്യവും പ്രതിഫലിക്കുന്ന പ്രധാന സ്ഥലങ്ങളിലും ഇവർ സന്ദർശനം നടത്തും.
കേരളത്തിൻ്റെ വാസ്തുവിദ്യയിലെ നിർണ്ണായക ഘടകമായ ഓട് നിർമ്മാണത്തിൻ്റെ പരമ്പരാഗത രീതികൾ മനസ്സിലാക്കാനായി ഫറോക്ക് ഓട് ഫാക്‌ടറി സംഘം സന്ദർശിച്ചു. ലോകപ്രശസ്തമായ കപ്പൽ നിർമ്മാണ പാരമ്പര്യത്തിൻ്റെ ചരിത്രവും സാങ്കേതികതയും നേരിട്ടറിയുന്നതിനായി ചാലിയം ഉരു നിർമ്മാണശാലയിലും, പ്രകൃതിരമണീയമായ കടലുണ്ടിയിലെ കാഴ്ചകൾ ആസ്വദിക്കാനും അമേരിക്കൻ സഞ്ചാരികളെത്തി.






