മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ നാലാമനായി ഇറങ്ങി നാല് റൺസുമായി ക്രീസിലെത്തിയ താരം റിട്ടയർ ഹർട്ടായി മടങ്ങി. ശേഷം ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വീണപ്പോഴും മടങ്ങി എത്തിയില്ല. ശേഷം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ താരത്തിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ. ഗില്ലിന് കഴുത്തിൽ വേദന അനുഭവപ്പെട്ടുവെന്നും വിശദമായ പരിശോധനക്ക് ശേഷം മത്സരത്തിൽ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കുമെന്നും ബി സി സി ഐ പുറത്തുവിട്ട വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.






