ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് മൂന്ന് ദിവസത്തേക്ക് ഇന്റർനെറ്റും മൊബൈൽ ഡാറ്റയും നിരോധിച്ചത്. പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
തിങ്കളാഴ്ച പുലർച്ചെ ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിൽ നടന്ന ആക്രമണത്തിൽ അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ഇവർക്കെതിരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നിൽ കുക്കി വിഭാഗത്തിൽപ്പെട്ടവരാണെന്ന സംശയമാണ് ഉയരുന്നത്. 2023 മുതൽ വംശീയ സംഘർഷം തുടരുന്ന ചുരാചന്ദ്പൂർ അതിർത്തി പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




