റിയാദ്: ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ വിപുൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇപ്പോഴത്തെ റിയാദ് അംബാസഡർ, മധ്യപ്രദേശ് സ്വദേശിയായ ഡോ. സുഹേൽ അജാസ് ഖാൻ, സേവനകാലം പൂർത്തിയാക്കി ഉടൻ ഇന്ത്യയിലേക്ക് മടങ്ങും.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ, കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നയതന്ത്ര മികവ് തെളിയിച്ചിട്ടുണ്ട്.
2014 മുതൽ 2017 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ/ജോയിൻറ് സെക്രട്ടറി, 2017 മുതൽ 2020 വരെ ദുബൈയിൽ ഇന്ത്യൻ കോൺസൽ ജനറൽ, 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി (ഗൾഫ്) പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2023-ൽ ഖത്തറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് മുൻപാകെ ഔദ്യോഗിക ചുമതലാപത്രം സമർപ്പിച്ചിരുന്നു.
വിപുൽ 1994-ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ ബിരുദവും നേടി. അദ്ദേഹത്തിന്റെ സമ്പന്നമായ നയതന്ത്ര പരിചയം സൗദി-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് ശക്തി പകരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.






