ടെഹ്റാൻ: ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലെ റഡാർ സംവിധാനത്തിനും അൽറിഫാ വ്യോമത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇറങ്ങുന്ന കേന്ദ്രമായ അൽറിഫായെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം.
തെക്കൻ ഇറാനിലെ സിരിക് ഉൾപ്പെടെയുള്ള മേഖലകളിൽ അമേരിക്ക എംക്യു-9 ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾക്കും ഹോർമോസ്ഗാൻ പ്രവിശ്യയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിനും തിരിച്ചടിയായാണ് നടപടിയെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയയും ഐആർജിസിയും അറിയിച്ചു.
അതേസമയം, ബഹ്റൈനിലെ അമേരിക്കൻ ഏർലി വാണിങ് റഡാർ സംവിധാനം തകർത്തുവെന്ന ഇറാന്റെ അവകാശവാദം യു.എസ് സൈന്യം നിഷേധിച്ചു. ഐആർജിസി അയച്ച രണ്ട് ഡ്രോണുകളെ ബഹ്റൈനിൽ എത്തുന്നതിന് മുൻപുതന്നെ വെടിവെച്ചിട്ടതായും ആക്രമണത്തിൽ യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ച് ബഹ്റൈൻ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ജനങ്ങളോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും ബാൽക്കണികളിൽ നിൽക്കരുതെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷഭീതിയും ആശങ്കയും ശക്തമായിരിക്കുകയാണ്.


