മലപ്പുറം: യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗിൽനിന്ന് പേഴ്സും പണവും മോഷ്ടിച്ചെന്ന കേസിൽ യുവതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ദേവിക സുധീഷ് (19) ആണ് പിടിയിലായത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി തിരൂർ റെയിൽവേ സ്റ്റേഷനിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് തിരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പരിശോധനയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നും താമസിക്കുന്ന മുറിയിൽനിന്നും നിരവധി പേഴ്സുകൾ കണ്ടെത്തി. ഇവ മോഷ്ടിച്ചതാണെന്നാണ് പൊലീസിന്റെ സംശയം.
പൊന്നാനിയിൽ നടന്ന സമാനമായ മോഷണക്കേസിലും യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരക്കുള്ള പൊതുഗതാഗത കേന്ദ്രങ്ങളിൽ യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു മോഷണം നടത്തിയിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കോഴിക്കോട് ജയിലിലേക്ക് മാറ്റി. കൂടുതൽ മോഷണക്കേസുകളിൽ യുവതിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.


