ന്യൂഡൽഹി: ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിരീകരിച്ചു. ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികരാണ് മരണപ്പെട്ടത്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിംഗ് വ്യക്തമാക്കി. കപ്പലുകളും നാവികരും സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കൺട്രോൾ റൂം തുറന്നതായും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രായേൽ വിടുന്ന അമേരിക്കൻ പൗരന്മാരെ നേരിട്ട് സഹായിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ അമേരിക്കൻ എംബസി വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ സേവനം ഉപയോഗിക്കാനാണ് നിർദേശം. ഇതിന് സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ല എന്നും സ്വന്തം നിലയ്ക്കു തീരുമാനം എടുക്കണമെന്നുമാണ് എംബസിയുടെ നിർദേശം.






