ഇറാന്‍-ഇസ്രയേല്‍ സംഘർഷത്തിന്‍റെ നാലാദിനത്തിലും യുദ്ധസമാനമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാർമേഘം മൂടുകയാണ്. തിങ്കളാഴ്ച ടെഹ്റാന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇറാന്‍റെ ദേശീയമാധ്യമ ആസ്ഥാനമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാനുമായി ചർച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാനും പദ്ധതിയിടുന്നതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതേസമയം, ജി7 സഖ്യരാജ്യങ്ങള്‍ ചേർന്ന് കാനഡയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഇസ്രയേല്‍- ഇറാന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ട്രംപിന്‍റെ തീരുമാനം.
ടെഹ്റാനിലെ ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ്‌വർക്ക് ആസ്ഥാനത്തേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണം, ഇറാന്‍ ടിവിയിലൂടെ തത്സമയമായാണ് ലോകം കണ്ടത്. സ്ഫോടനത്തിന് പിന്നാലെ പ്രീ റെക്കോർഡഡ് പരിപാടിലേക്ക് മാറിയ ചാനല്‍, അല്‍പ്പസമയത്തിനകം മറ്റൊരു സ്റ്റുഡിയോയില്‍ നിന്ന് അതേ അവതാരകയുമായി തത്സമയ വാർത്തകളുടെ പ്രക്ഷേപണം പുനരാരംഭിച്ചു. ആക്രമണത്തില്‍ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ഇറാന്‍ സെെന്യത്തിന്‍റെ ആശയവിനിമയ കേന്ദ്രമായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം.









