മസ്കറ്റ്: ഒമാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പ്രവാസികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സോഹാറിലെ അൽ അവാഹി വ്യവസായ മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തിന്റെ ലക്ഷ്യം സമീപത്തുള്ള റിഫൈനറിയായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേസമയം ദുബായിലെ സെൻട്രൽ മേഖലയിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
സൗദി അറേബ്യയിലേക്കും സമീപപ്രദേശങ്ങളിലേക്കും തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് ഒമാനിലുണ്ടായ സംഭവം. അതേസമയം ഒമാനിൽ നടന്ന ആക്രമണങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഇറാൻ അറിയിച്ചു.
ഇതിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന കെ.സി–135 സൈനിക വിമാനം തകർന്നുവീണതും റിപ്പോർട്ട് ചെയ്തു. മറ്റൊരു യുദ്ധവിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതായി അമേരിക്ക അറിയിച്ചു. വിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതാണെന്നാണ് ഇറാന്റെ അവകാശവാദം.
ഇറാനുമായി ഇന്ത്യ തുടർച്ചയായി ബന്ധം പുലർത്തുന്നുണ്ട്. ഇന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സംസാരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ബ്രിക്സ് ഉൾപ്പെടെയുള്ള സ്വാധീനമുള്ള രാജ്യങ്ങളുടെ കൂട്ടായ്മ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.






