കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു ട്രെൻഡാണ് ഈ റീ റിലീസ്. മുൻകാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന ഈ ട്രെൻഡിങ്. ഒരുകാലത്ത് വൻ പ്രശംസ പിടിച്ചു പറ്റിയിട്ടും പരാജയപ്പട്ട സിനിമകളും വിജയിച്ച ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തും. മലയാളത്തിലും ഒരുപിടി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് ഛോട്ടാ മുംബൈ.
കളക്ഷനിൽ അടക്കം വൻ നേട്ടം കൊയ്ത് ഛോട്ടാ മുംബൈ തിയറ്ററുകളിൽ തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ മറ്റൊരു സിനിമ ഫോർകെ ദൃശ്യമികവിൽ റി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകർ. മോഹൻലാലിന്റെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായ മംഗലശ്ശേരി നീലകണ്ഠനെ പ്രേക്ഷകർക്ക് സമ്മാനിച്ച ദേവാസുരത്തിന്റെ രണ്ടാം ഭാഗം രാവണപ്രഭു ആണ് ചിത്രം. ‘മംഗലശ്ശേരി കാർത്തികേയനെ’ ഇറക്കിവിടെന്ന് പറഞ്ഞാണ് ആരാധകർ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.






