മസ്കറ്റ്: ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഈ ധാരണ സാധ്യമാക്കാൻ അമേരിക്ക നടത്തിയ ഇടപെടലുകളെ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് നിർണായകമായ നീക്കമാണെന്നും വിലയിരുത്തി.
കരാറിലെ വ്യവസ്ഥകൾ എല്ലാ പക്ഷങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. സമാധാന ശ്രമങ്ങളെ തകർക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷം ശമിപ്പിക്കാനും സ്ഥിരത ഉറപ്പാക്കാനും ഈ വെടിനിർത്തൽ സഹായകരമാകുമെന്ന പ്രതീക്ഷയും ഉയരുന്നു.
ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനുള്ള തീരുമാനം ഇറാൻ പ്രഖ്യാപിച്ചു. സുരക്ഷാ സേവനങ്ങൾക്കായി നിശ്ചയിച്ച തുക അടയ്ക്കുന്ന കപ്പലുകൾക്ക് മാത്രമേ മുൻഗണനയോടെ കടന്നുപോകാൻ അനുമതി നൽകൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം കടലിടുക്കിലൂടെ പോകുന്ന കപ്പലുകളുടെ എണ്ണം നിയന്ത്രിക്കുമെന്നും വേഗത്തിൽ ഫീസ് അടയ്ക്കുന്നവർക്കാണ് മുൻഗണന ലഭിക്കുകയെന്നും അറിയിച്ചു. ഫീസ് അടയ്ക്കാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി വൈകിപ്പിക്കാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയുമായി ഉണ്ടായ ധാരണയിൽ വിശ്വാസവഞ്ചന സംഭവിച്ചുവെന്നാരോപിച്ചാണ് ഇറാൻ ശനിയാഴ്ച മുതൽ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിരിക്കുന്നത്.




