മഡ്രിഡ്: 1936-ൽ കൊല്ലപ്പെട്ട സ്പാനിഷ് കവി-നാടകകൃത്ത് ഫെഡറിക്കോ ഗാർസിയ ലോർക്കയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു കവിത കണ്ടെത്തി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ജീവൻ നഷ്ടമായ ലോർക്ക, മരണത്തിന് മൂന്നു വർഷം മുൻപ്, 1933-ലാണ് ഈ എട്ട് വരിക്കവിത എഴുതിയതെന്നാണ് കരുതുന്നത്.
ജന്മനാടായ ഗ്രനഡയിൽ അറബ് കവികൾക്ക് ആദരം അർപ്പിക്കുന്നതിനായി ‘ഡിബാൻ ഡെൽ താമാരിറ്റ്’ എന്ന സമാഹാരം തയ്യാറാക്കുന്നതിനിടെയായിരുന്നു ഈ രചന. ‘തമാരിറ്റ്’ പരമ്പരയിലെ ഒരു കവിത കുറിച്ചിരുന്ന കടലാസിന്റെ മറുവശത്താണ് ഈ പുതിയ കവിതയും എഴുതിയിരിക്കുന്നത്.
ലോർക്കയുടെ ആരാധകനായ മിഗ്വേൽ പൊവേദയ്ക്ക് ഒരു ജർമൻ വ്യാപാരിയിൽ നിന്നാണ് ഈ കൈയെഴുത്ത് ലഭിച്ചത്. പിന്നീട് സ്പാനിഷ് എഴുത്തുകാരിയും ഭാഷാശാസ്ത്രജ്ഞയും ലോർക്ക ഗവേഷകയുമായ പെപാ മെർലോ, ഇത് ലോർക്കയുടെ അസൽ കൃതിയാണെന്ന് സ്ഥിരീകരിച്ചു.
‘ഘടികാരം പാടുന്നു’ എന്ന വരിയോടെ ആരംഭിക്കുന്ന ഈ കവിതയിൽ, സമയത്തിന്റെ ഒഴുക്കെന്ന ലോർക്കയുടെ പ്രിയ വിഷയമാണ് വീണ്ടും പ്രതിഫലിക്കുന്നത്. പൊവേദയും മെർലോയും ചേർന്ന് പ്രസിദ്ധീകരിക്കുന്ന ‘തിങ്സ് ഫ്രം ദി അദർ സൈഡ്: ദി അൺപബ്ലിഷ്ഡ് ഫെഡറിക്കോ ഗാർസിയ ലോർക്ക’ എന്ന പുസ്തകത്തിൽ ഈ കവിതയും ഉൾപ്പെടും.




