ടെഹ്‌റാൻ: അമേരിക്ക-ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും ഒഴിവാക്കണമെന്ന് പേർഷ്യൻ ഭാഷയിൽ പുറത്തിറക്കിയ അറിയിപ്പിൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9 മണിവരെ ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ട്രെയിനുകളിലോ റെയിൽവേ പാതകൾക്കരികിലോ ഉള്ള സാന്നിധ്യം ജീവൻഭീഷണിയാകാമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാനിലെ പ്രധാന ഗതാഗത സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള സാധ്യതയുള്ള ആക്രമണത്തിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.
ഇതിനിടെ, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഇറാൻ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തകർക്കാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സംഘർഷം ദിനംപ്രതി വഷളാകുന്ന സാഹചര്യത്തിൽ പൂർണ്ണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.




