വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനുമായി നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളും അടുത്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ ഈ വിഷയത്തിൽ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചർച്ചകളിൽ അതിവേഗം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ‘മറ്റൊരു രീതിയിൽ’ നടപടികൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ നാവികസേനയെയും വ്യോമസേനയെയും അമേരിക്ക നേരത്തെ വലിയ തോതിൽ തകർത്തിരുന്നുവെന്നും, എന്നാൽ സൈന്യത്തിലെ ചില വിഭാഗങ്ങളെ നിലനിർത്തിയതായും ട്രംപ് അവകാശപ്പെട്ടു.
മിതവാദികളായ സൈനിക നേതാക്കൾ ഇറാനിൽ ഉണ്ടെന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖ് യുദ്ധത്തിൽ ഉണ്ടായ പോലെ ഒരു രാജ്യത്തിന്റെ ഘടന പൂർണമായി തകർക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, വൈറ്റ് ഹൗസിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ഇറാൻ കരാർ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ല. അമേരിക്കയുടെ താൽപര്യങ്ങൾ പൂർണമായി അംഗീകരിച്ചാൽ മാത്രമേ കരാർ ഒപ്പുവെക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.





